മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി ചികിത്സ തേടി. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്.
നേരത്തെ വയറുവേദനയുംഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.നിലവിൽ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേപ്പാടി റോഡ് ഉപരോധിച്ചു.മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.