മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ.ജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മോണ്‍സണിനെ ഐ.ജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഐജി ലക്ഷ്മണയ്ക്കെതിരെയുള്ള നടപടി ശുപാര്‍ശ ആഭ്യന്തര വകുപ്പ് പരിശോധിക്കുകയാണ്.
ട്രാഫിക് ഐജി ലക്ഷ്മണില് നിന്നും ക്രൈംബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. ലക്ഷ്മണയും മോന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ലക്ഷ്മണ സംശയത്തിന്റെ നിഴലിലായത്. ലക്ഷ്മണ മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തിരുന്നു.
മോന്‍സണിന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മോന്സണ് തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചതിന് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാന്‍ മോന്സണ് പൊലീസിന് നിര്‍ദേശം നല്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. പരാതിക്കാരി ഇനി വിളിച്ചാല്‍ അസഭ്യം പറയണമെന്ന് ചേര്‍ത്തല സിഐ ശ്രീകുമാറിനോട് മോന്സണ് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തു വന്നത്.
ഇതിന് പിന്നാലെ മോന്‍സണിന്റെ ഉന്നത പൊലീസ് ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ പുറത്തു വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിജിപി അനില്‍ കാന്തിന്റെയും, ലോക്നാഥ് ബെഹ്രയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.