ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇന്നത്തെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. പനിയെ തുടർന്ന് വിശ്രമിക്കാൻ ഡോക്ടർമാർ മുഖ്യമന്ത്രിയുടെ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
അതേസമയം, നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. എകെഎം അഷ്റഫ് എംഎല്‍എയോട് അടുത്താണ് ഇരിപ്പിടം. നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അൻവറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവര്‍ എത്തിയത്. ചുവന്ന ഡിഎംകെയുടെ ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അൻവര്‍ നിയമസഭയിലെത്തിയത്.