കൊച്ചി: മൂന്ന് പ്ലസ് വണ്‍ വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്. മൂവരും അടുത്ത സുഹൃത്തുക്കളാണ്.
വൈപ്പിനിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അവശനിലയിൽ കണ്ടെത്തിതിനെ തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് മൂവരെയും ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലിവിൽ രണ്ടുപേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന കേക്കാണ് കഴിച്ചതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഞാറക്കൽ സിഐ പി.കെ.മുരളി മൂവരുടേയും മൊഴി ശേഖരിച്ചെങ്കിലും കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ മജിസ്ട്രേറ്റിനെക്കൊണ്ട് രഹസ്യമൊഴി എടുപ്പിക്കാനാണ് പോലീസ് നീക്കം.