തിരുവനന്തപുരം: രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ടിംഗ് ഏജന്‍സിയാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ കോഴ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയമനങ്ങളില്‍ ഒരു ബാഹ്യ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനം നടക്കുന്നത് മന്ത്രിസഭയുടെ ശുപാര്‍ശ പരിഗണിച്ചാണ്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടക്കുന്നത്. പിഎസ്സി നിയമന നടപടികളെല്ലാം സുതാര്യമാണ്. അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമ വാര്‍ത്തകള്‍ അല്ലാതെ ക്രമക്കേട് സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സിയെ സംശയമുനയില്‍ നിര്‍ത്തുന്ന നടപടിയാണ് കോഴ വിവാദമെന്ന് വി ഡി സതീശന് സഭയില്‍ ചൂണ്ടിക്കാണിച്ചു. കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആരോപണം ഉയര്‍ന്നിരിക്കുന്നത് ഉന്നതരുടെ വേണ്ടപ്പെട്ടവര്ക്കെതിരെയാണ്. നിങ്ങളെയൊക്കെ ചൂണ്ടിക്കാണിച്ചാണ് പണം വാങ്ങുന്നത്. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസുണ്ട്. സര്‍ക്കാര്‍ നയിക്കുന്ന പ്രധാന പാര്‍ട്ടി തന്നെ പിഎസ്സിയെ ലേലത്തില്‍ വച്ചാല്‍ മറ്റു ഘടകകക്ഷികളും ലേലത്തില്‍ വെക്കില്ലേ? എന്തൊരു അപമാനകരമായ കാര്യമാണിത്. സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമാണെങ്കില്‍ ഞങ്ങള്‍ ഇടപെടാന്‍ വരില്ല. മന്ത്രിമാരുടെ ഉള്‍പ്പെടെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പാണിത്. പരാതി കിട്ടിയിട്ട് എന്തുകൊണ്ട് ഫ്രീസറില്‍ വച്ചുവെന്ന് ചോദിച്ച സതീശന് അടിയന്തരമായി അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.