തൃശൂരിൽ അപകടത്തില്‍ തകര്‍ന്ന ശക്തൻ തമ്പുരാന്റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമയുടെ ശിൽപ്പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തിൽ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി കെ രാജൻ പ്രതികരണം നടത്തിയത്.
ശക്തൻ പ്രതിമ വേഗത്തിൽ പുനർ നിർമ്മിക്കുമെന്ന് തൃശൂർ മേയർ എം കെ വർഗീസും പറഞ്ഞു. കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയാണ് ശക്തൻ തമ്പുരാന്റെ പ്രതിമ തകര്‍ന്നത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തന് നഗറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പ്രതിമയുടെ ശിൽപ്പി ഉൾപ്പെടെയുള്ള എല്ലാവരുമായി കൂടിയാലോചിച്ച് പ്രതിമ പഴയതു പോലെ പുനസ്ഥാപിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിമ പുനസ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.