തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്നും ഇടതുപക്ഷത്തെ സൗമ്യ മുഖമായിരുന്നു അദ്ദേഹമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിര് രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കെ. സുരേന്ദ്രന് അനുസ്മരിച്ചു.
അതേസമയം, കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരില്‍ നടക്കും. ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും.
ഉച്ചയ്ക്ക് രണ്ട് വരെ പാര്‍ട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയില്‍ നടക്കും.
ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.