കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തിറങ്ങി. നവീന്‍ ബാബുവിന്റെ മരണത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസില്‍ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം സത്യംതെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി.
സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകർപ്പിലുള്ളത്. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.