തിരുവനന്തപുരം: താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള കെഎസ്ആർടിസിയിലെ പ്രതിസന്ധി തുടരുന്നു. സർവീസുകൾ ഇന്നും മുടങ്ങാനാണ് സാധ്യത. അവധി ദിവസമായതിനാൽ ഇന്നും ദിവസവേതനക്കാരെ ജോലിക്കാരെ വിളിക്കേണ്ടെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ദീർഘദൂര സർവീസുകളിൽ ആവശ്യമെങ്കിൽ ഇവരുടെ സേവനം ഉപയോഗിക്കാം.
താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ ദിവങ്ങളില്‍ പലയിടത്തും സർവ്വീസുകൾ പൂർണ്ണമായോ ഭാഗീകമായോ മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ചുകൊണ്ട് സർവീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. എന്നാൽ, ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കുന്നത് തിരക്കേറിയ ദിവസങ്ങളിൽ മാത്രം മതിയെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്.