പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. വിഷ്ണുജിത്തിൻ്റെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് വിവരം. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബുധനാഴ്ച പണം കൊണ്ടുവരാനുണ്ടെന്ന് പറഞ്ഞാണ് പോയതെന്ന് വിഷ്ണുജിത്തിൻ്റെ സഹോദരി യാസേന മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാലക്കാട് കഞ്ചിക്കോടാണ് അവസാനമായി ഫോൺ ലൊക്കേഷൻ കാണിച്ചത്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നമുണ്ടെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് പ്രശ്നമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് സഹോദരിമാർ പറഞ്ഞു. താലിമാലയും, മോതിരവും മാത്രമാണ് ഇനി വാങ്ങാൻ ഉണ്ടായിരുന്നത്. മറ്റു പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ല. എസ്പിക്ക് പരാതി കൊടുക്കുമെന്നും വിഷ്ണുജിത്തിന്റെ സഹോദരി പറഞ്ഞു.