പക്ഷിപ്പനി ബാധിച്ച് നാല് ജില്ലകളില്‍ കോഴികളെയും താറാവുകളെയും വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം.ആലപ്പുഴ ജില്ലയിൽ കോഴികളെയും താറാവുകളെയും വളർത്തുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കോഴികളെയും താറാവുകളെയും വളർത്താനോ മുട്ട വിതരണം ചെയ്യാനോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനി ബാധിച്ച് താറാവുകളും കോഴികളും ഉൾപ്പെടെ ഒന്നരലക്ഷത്തിലധികം പക്ഷികളാണ് ഈ വർഷം മേഖലയിൽ ചത്തത്. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയതാണ് കർഷകർ. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി.