യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തും. കേസ് അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ ഉദ്യോഗസ്ഥന്മാര് ഇന്നുരാവിലെ കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് ആസ്ഥാനത്തെത്തി കസ്റ്റംസ് ഉദ്യോഗസ്ഥന്മാരുമായി കേസിന്റെ നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷണത്തില്‍ നേരിട്ട് ഇടപെടുമെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുമെന്നും സൂചനയുണ്ട്. ഐബി, റോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അഞ്ജാന്സികള് സ്വര്‍ണ്ണ കള്ളക്കടത്തിന് പിടിയിലായ ശരത്തിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്വേഷണത്തില്‍ നേരിട്ട് ഇതുവരെ ഇടപെട്ടിരുന്നില്ല. യുഎയും അന്വേഷമം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കേസായതിനാല്‍ നാഷണല്‍ ഏജന്‍സികളാവും കേസ് അന്വേഷിക്കുക.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വപ്നയ്ക്ക് പിന്നാലെ ഇയാളും ഒളിവില്‍ പോയിരിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ സന്ദീപിനും പങ്കുണ്ടെന്നാണ് സൂചന.