കട്ടപ്പന : ഇടുക്കി മുന്‍ എസ് പി കെ ബി വേണുഗോപാലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ എസ്പി ജില്ലയിലെ നാലു പൊലീസുകാരെ നിയോഗിച്ചെന്നാണ് ഒരു ആക്ഷേപം.
ഈ പരാതിയില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി ഇടപെട്ട് തോട്ടം ഉടമകളില്‍ ഒരാളുടെ ബംഗ്ലാവില്‍ മേയ് 31 ന് എസ് പി വേണുഗോപാല്‍ തങ്ങിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നല്‍കിയതിന്, പരാതിക്കാരനെ വേണുഗോപാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്.
ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി തനിക്ക് ഒപ്പമുണ്ടെന്നും എറണാകുളം ജില്ലയിലെ ഉന്നത നേതാവാണു തന്നെ ഇടുക്കിയിലേക്ക് നിയോഗിച്ചതെന്നും വേണുഗോപാല്‍ പരാതിക്കാരനോടു പറഞ്ഞു.
മെയ് മാസം കൊച്ചിയില്‍ വെച്ചായിരുന്നു എസ്പിയുടെ മകന്റെ വിവാഹം നടന്നത്. വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ വനിത പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ നാലു പേരെ ആണു നിയോഗിച്ചത്.
സ്പെഷല്‍ ബ്രാഞ്ചിലെ ഒരു എഎസ്ഐയാണ് പൊലീസുകാരുടെ പട്ടിക തയാറാക്കി മുന്‍ എസ്പിക്കു കൈമാറിയത്. തൊടുപുഴ മേഖലയില്‍ ജോലി ചെയ്തിരുന്ന പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
വജ്രാഭരണങ്ങള്‍ മരുമകളുടെ വീട്ടില്‍ എത്തിക്കുന്നതു മുതല്‍ വിവാഹ ദിനം വരെ പൊലീസുകാര്‍ രാവും പകലും കാവല്‍ നിന്നെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം.
വണ്ടിപ്പെരിയാര്‍ മേഖലയില്‍ എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തിലാണ് വേണുഗോപാല്‍ അനധികൃതമായി ഇടപെട്ടത്. ഇതേക്കുറിച്ച് എസ്റ്റേറ്റ് ഉടമകളില്‍ ഒരാള്‍, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതി നല്കി.
ഇല്ലാത്ത കാരണത്തിന്റെ പേരില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നു സ്ഥലം സിഐയോടു വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
സിഐയെ എസ്പി ഓഫിസില്‍ വിളിച്ചു വരുത്തി, രാവിലെ മുതല്‍ വൈകിട്ടു വരെ ഓഫിസിനു മുന്നില്‍ നിര്‍ത്തിയാണ് വേണുഗോപാല്‍ രോഷം തീര്‍ത്തതത്രെ. സംഭവത്തില്‍ എറണാകുളം മുന്‍ ട്രാഫിക് അസി. കമ്മിഷണര്‍ സി.എസ്. വിനോദ്, അന്വേഷണം നടത്തി കൊച്ചി റേഞ്ച് ഐജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.