റയിൽ ഗതാഗതം അനിശ്ചിതമായി നീളുകയും ലോക് ഡൗൺ മൂന്നാം ഘട്ടം പിന്നിടാറായിട്ടും ഒരു രൂപയുടെ പോലും സർക്കാർ ആനുകുല്യം ലഭിക്കാത്ത തൊഴിലാളി വിഭാഗം മാണ് റയിൽവേ പോർട്ടർമാരെന്നും ഇവരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ മുന്നോട്ടു വരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പലതും തൊഴിലാളികൾക്കിനിയും കിട്ടിയിട്ടില്ല. അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചൂവെന്നുറപ്പു വരുത്താൻ സർക്കാർ അമാന്തം കാണിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ലോക് ഡൗൺ കാലത്തു് ആനുകൂല്ല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് കോൺഗ്രസ്സിൻ്റെ (ഐ.എൻ.റ്റി.യു.സി.) ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിനും ഏ.ജീസ് ആഫീസിനും മുന്നിൽ പോർട്ടർമാർ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
യൂണിയൻ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, താനും പോർട്ടർമാർക്ക് ചെറിയ തോതിൽ ഭക്ഷ്യക്കിറ്റുകളെത്തിച്ചൂവെങ്കിലും അവരുടെ പ്രയാസങ്ങൾക്കു മുമ്പിൽ അതൊന്നുമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോർട്ടർമാർക്ക് ശമ്പളമൊ മറ്റ് ആനുകൂല്ല്യങ്ങളൊ ഒന്നുമില്ല. യാത്രക്കാരുടെ ലഗ്ഗേജുകൾ എടുക്കുന്നതു വഴി കിട്ടുന്ന കൂലിയാണ് ആകെ വരുമാനം. സർക്കാറിൻ്റെ അടിയന്തിര സഹായമർഹിക്കുന്നവരെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി. ജോയി, ഉദയൻ, ജി.ബിന്ദു, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.