കൊല്ലം: കല്യാണ വീട്ടിലെ തര്‍ക്കം കലാശിച്ചത് രണ്ടു യുവാക്കളെ മൃതപ്രായരാക്കിയാണ്. കൊല്ലം ജില്ലയിലെ കുന്നികോട്ടു നിന്നാണ് ഉണ്ടായത്.യുവാക്കളെ മര്‍ദിച്ച് മൃതപ്രായരാക്കിയശേഷം ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു സംഭവമാണ് പുറത്തു വരുന്നത്. മര്‍ദിച്ചവശരാക്കി അക്രമിയുടെ വീട്ടില്‍ കൊണ്ടിട്ട യുവാക്കളെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിളക്കുടി പാപ്പാരംകോട് നൗഫി മന്‍സിലില്‍ നൗഫല്‍ (38), ബന്ധു ആര്യങ്കാവ് സ്വദേശി സിദ്ദിഖ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.അതിക്രൂരമായ മര്‍ദ്ദനമാണ് ഇരുവരും നേരിടേണ്ടി വന്നത്.
ദേഹമാസകലം ഇടി കൊണ്ട നിലയിലാണ്. സിദ്ദിഖിന്റെ കൈപ്പത്തി മര്‍ദ്ദനത്തില്‍ ഒടിഞ്ഞു തൂങ്ങി. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. ദേഹം മുഴുവനും പരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്ബു എന്ന മാര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ഷലിനൊപ്പം ഉണ്ടായിരുന്നയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
നൗഫലിന്റെ ബന്ധുവിന്റെ മകളുടെ വിവാഹച്ചടങ്ങിനിടെ ഞായറാഴ്ച വൈകീട്ട് നാലരയോടെ വിളക്കുടി പാപ്പാരംകോട്ടാണ് സംഭവം. മാര്‍ഷലിന് ഇവിടവെച്ച് മുന്‍പ് മര്‍ദനമേറ്റിരുന്നതായും ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് നൗഫലിനെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിദ്ദിഖിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.