അഞ്ചാലുംമൂട്: ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പം ആന്ധ്രപ്രദേശില്‍നിന്ന് അഞ്ചാലുംമൂട് പൊലീസ് കണ്ടെത്തി. ഒരു മാസം മുന്‍പാണു യുവതിയെയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍കുട്ടികളെയും കാണാതായത്. ചിറ്റയത്ത് താമസമാക്കിയിരുന്ന പ്രവീണാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നു പൊലീസിനു വിവരം കിട്ടിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
പ്രവീണിനൊപ്പം താമസിച്ചിരുന്ന ചിറ്റയം സ്വദേശിനി ആത്മഹത്യ ചെയ്തതിനു മൂന്നാം ദിവസമാണു പ്രവീണ്‍ രണ്ടു മക്കളുള്ള യുവതിയുമായി സ്ഥലം വിട്ടത്. കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെയാണു കൊണ്ടുപോയത്. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ പൊലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആന്ധ്രപ്രദേശിലെ ബറൂറാം എന്ന സ്ഥലത്തു നിന്നു യുവാവിനെയും യുവതിയെയും കുട്ടികളെയും അഞ്ചാലുംമൂട് പൊലീസ് കണ്ടെത്തിയത്. ഇവരുമായി പൊലീസ് കേരളത്തിലേക്കു തിരിച്ചു.