അടിമാലി: ആശുപത്രിയിലേക്കുള്ള വഴിയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ വൈകിയ നവജാത ശിശു മരിച്ചു. വാളറ കുളമാന്കുളിക്ക് സമീപം പാട്ടിടുമ്പു ആദിവാസി കുടിയില്‍ രവി- വിമല ദമ്പതികളുടെ മകനാണ് മരിച്ചത്. പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള കുഞ്ഞിനാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി കലശലായതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിച്ചത്. അച്ഛനും അമ്മയും കുഞ്ഞിനെയുമെടുത്ത് ഇറങ്ങിയെങ്കിലും കാട്ടുപാതയില്‍ കാട്ടാന ഇറങ്ങിയെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേയ്ക്ക് തിരികെ മടങ്ങുകയായിരുന്നു.
കുഞ്ഞിനെ ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടുക്കി മെഡിക്കല്‍ കൊളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.