ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് കേരളപൊലീസ്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അവബോധവും പൊലീസ് നല്‍കുന്നുണ്ട്. കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഹെല്‍മറ്റ് സന്ദേശങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു കീഴെ സച്ചു നടുപുരയ്ക്കല്‍ എന്നയാള്‍ കുറിച്ച കമന്റ് ശ്രദ്ധേയമായി. പൊലീസ് ഇതിന് കൊടുത്ത മറുപടിയാകട്ടെ മാസും ആയി. ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയ വാഹനത്തില്‍ ഹെല്‍മറ്റ് വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശം എന്ന് പറഞ്ഞ സച്ചുവിനോട് പൊലീസ് പറഞ്ഞത്.. ‘ശവപ്പെട്ടി പോലുള്ള ഫുള്‍കവര്‍ കിട്ടാതിരിക്കാന്‍ പറഞ്ഞതാ സാറേ’ എന്നായിരുന്നു. ഒപ്പം ശവപ്പെട്ടിയുടെ ചിത്രവും പോസ്റ്റ് ചെയ്തു.
സച്ചു നടുപുരയ്ക്കല്‍ കുറിച്ച കമന്റിന്റെ പൂര്‍ണരൂപം;
സര്,
ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തില്‍ Helmet വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്. Helmet വയ്ക്കാതെ യാത്രയില്‍ ഞങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനുമാണ്, താങ്കള്‍ക്കും ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും യാതൊരു വിധ നഷ്ടമോ സങ്കടങ്ങളോ ഉണ്ടാക്കുന്നില്ല.
ഇനി ഇരു ചക്രവാഹനക്കാരുടെ ജീവന്റെ സുരക്ഷയാണ് ഉദ്യേശമെങ്കില്‍
Helmet അല്ല വേണ്ടത് ‘full body Protection’ നല്കുന്ന എന്തെങ്കിലും ഉപകരണവുമായി വരൂ. ഞങ്ങള്‍ അംഗീകരിക്കാം! ഹൃദയവും, ശ്വാസകോ ശവും, വൃക്കയും, കരളും കൈകാലുകളും ചതഞ്ഞരഞ്ഞിട്ട് തലച്ചോറ് കൊണ്ട് എന്ത് പ്രയോജനം സര്…? കേരളത്തിലെ ജനങ്ങളുടെ ആയുസ്സിനാണ് നിങ്ങള്‍ കൂടുതല്‍ വില കല്പിക്കുന്നതെങ്കില് കേരളത്തിലെ റോഡുകളില്‍ കിണറുകളും, കുളങ്ങളും നിര്‍മ്മിച്ച, പാലാരിവട്ടം പോലുള്ള മേല്‍പ്പാലങ്ങള്‍ പണിത വകുപ്പ് ഉദ്യോഗസ്ഥരെ പിടിച്ച് തുറുങ്കിലടക്കൂ !!!!
Helmet കമ്ബനിയുടെ കോഴയാണ് ഉദ്യേശ മെങ്കില്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനത്തിനും, കാറ്, ബസ്, ലോറി എന്നിവ ഓടിക്കുന്നവരും Helmet നിര്‍ബന്ധമാക്കണം,
കാരണം ഈ വാഹനങ്ങളൊക്കെ അപകടത്തില്‍പ്പെട്ടാല്‍ തലയ്ക്ക് ക്ഷതം സംഭവിച്ച് മരണം സംഭവിക്കാറുണ്ട് !!.