പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പട്ടാമ്പി ജോയിന്റ് ആര്‍ടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും വിശദീകരണം നല്‍കണം. 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.
ബസ് ഉടന്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കാന്‍ ഉടമയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസില്‍ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും.
കൂറ്റനാട് ചാലിശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ ബസ് സാന്ദ്ര തടഞ്ഞിട്ട സംഭവത്തിന് പിന്നാലെ, ഇനിയെന്ത് നടപടിയാകും ഉണ്ടാകുകയെന്ന ചോദ്യമാണ് കേരളം അന്വേഷിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാമ്പി ജോയിന്റ് ആര്‍ടിഒ നടപടി ആരംഭിച്ചത്.
അതേസമയം ‘രാജപ്രഭ’ ബസുകളില്‍ നിന്ന് നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി ബസ് തടഞ്ഞിട്ട സാന്ദ്ര വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ഇന്നലെ രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്ര പിന്തുടര്ന്ന് തടഞ്ഞിട്ടത്. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശിയാണ് സാന്ദ്ര.