ഇരിട്ടി: പി.എസ്.സി.യുടെ സിവില്‍ പോലീസ് ഓഫീസര്‍(സി.പി.ഒ.) കെ.എ.പി. നാലാം ബറ്റാലിയന് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടിയ മുന്‍ എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കിയപ്പോള്‍ കണ്ണൂര്‍ പടിയൂര്‍ സ്വദേശിയായ എം. അമല്‍ എഴുത്തുപരീക്ഷയില്‍ ഒന്നാംസ്ഥാനത്തെത്തി. വെയിറ്റേജ് മാര്‍ക്കില്ലാത്തതിനാല്‍ റാങ്ക് പട്ടികയില്‍ നാലാമനാണ് ഇപ്പോള്‍ അമല്‍.
ബികോം പാസായശേഷം ഒരുവര്‍ഷം കൂലിപ്പണിയെടുത്താണ് അമല്‍ പി.എസ്.സി. പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പഠിക്കാന്‍ പണം സ്വരൂപിച്ചത്. തലശ്ശേരിയില്‍ മില്‍മ ബൂത്ത് നടത്തുന്ന ചെമ്മഞ്ചേരി പ്രകാശന്റെയും ഓമനയുടെയും മകനാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ശിവരഞ്ജിത്തിനെയും പ്രണവിനെയും പരീക്ഷാക്രമക്കേടിനെത്തുടര്‍ന്ന് പി.എസ്.സി. അയോഗ്യരാക്കിയിരുന്നു. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന് എഴുത്തുപരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. ഇതില്‍ 13.58 മാര്‍ക്ക് സ്പോര്‍ട്സ് വെയിറ്റേജായി കിട്ടിയതാണ്. രണ്ടാംറാങ്കുകാരനായ പ്രണവിന് എഴുത്തുപരീക്ഷയില്‍ 78 മാര്‍ക്കാണ് ലഭിച്ചത്. ഇവര്‍ അയോഗ്യരാക്കപ്പെട്ടതോടെ 71 മാര്‍ക്ക് നേടിയ അമല്‍ എഴുത്തുപരീക്ഷയില്‍ ഒന്നാമനായി.