ഇഎസ്ഐ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ നഷ്ടപ്പെടുന്ന വേതനം ഇഎസ്ഐ കോര്പറേഷന് മുഖേന അനുവദിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കേന്ദ്രഗവണ്മെന്റിനോടാവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഇഎസ്ഐ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ലോക്ഡൗണ്‍ കാലയളവില്‍ നഷ്ടപ്പെടുന്ന വേതനം കൊടുക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാന്‍ ഇഎസ്ഐ കോര്പറേഷന് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വറിന് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ലോക്ഡൗണിനെ തുടര്‍ന്ന് വേതനനഷ്ടം നേരിടുന്ന തൊഴിലാളികള്‍ക്ക് ഇഎസ്ഐ മുഖേന ഈ തുക നല്‍കുന്നതിന് കേന്ദ്രതൊഴില്‍ മന്ത്രാലയം അടിയന്തര ഇടപെടല്‍ നടത്തണം.
കേരളത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി എല്‍ഡിഎഫ് ഗവണ്മെന്റ് വിവിധ പദ്ധതികള്‍ നടപ്പാക്കിയ കാര്യം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന തൊഴിലാളികള്‍ വരുമാനമില്ലാതെ വിഷമിക്കുകയാണ്. നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അടുത്ത മൂന്നു മാസത്തെ ഇപിഎഫ് വിഹിതം ഗവണ്മെന്റ് അടയ്ക്കുമെന്ന് ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ വ്യക്തമാക്കിയിരുന്നു. ഇഎസ്ഐ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതവും ഇതേ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ അടയ്ക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ഇഎസ്ഐ കോര്പറേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള അര്‍ഹതാമാനദണ്ഡങ്ങളില്‍ ലോക്ഡൗണ്‍ കാലയളവില്‍ ഇളവ് നല്‍കണം. മൂന്നു മാസം തുടര്‍ച്ചയായി ജോലി ചെയ്യുകയും 39 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്ത തൊഴിലാളികള്‍ക്കും ആറു മാസം തുടര്‍ച്ചയായി ജോലിചെയ്യുകയും 78 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കും മാത്രമാണ് നിലവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് അര്‍ഹതയുള്ളത്. ലോക്ഡൗണ്‍ കാലയളവില്‍ തുടര്‍ച്ചയായി തൊഴിലെടുക്കാനും വിഹിതം അടയ്ക്കാനുമാകാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.