മലപ്പുറം: പക്ഷിപ്പനിയെന്ന് സംശയമുയർന്നതിനെത്തുടർന്ന് മലപ്പുറം പെരുവള്ളൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനം. കാക്കകൾ വഴിയരികിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ സജീവ് കുമാർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ആദ്യസാമ്പിൾ പാലക്കാട്ടേക്ക് അയച്ചു. ഇതിൽ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാൽ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കും. എന്നാൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.