തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡ് എന്തിനാണ് കുത്തിപ്പൊളിച്ചത്, പണി പൂർത്തിയാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം, പണി പൂർത്തിയാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കേണ്ടി വരും, റോഡ് പണി പൂർത്തിയാക്കാൻ എത്ര നാൾ വേണ്ടി വരും തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വഞ്ചിയൂർ-ആൽത്തറ റോഡ് കുത്തിപ്പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രദേശത്തെ പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്ത കേബിളുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണെന്ന ആക്ഷേപം പരിശോധിച്ച് അപകടം ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ കേബിളുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
റോഡുകൾ അനാവശ്യമായി ആവർത്തിച്ചു കുത്തിപ്പൊളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് പരാതിയുള്ളതിനാൽ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 10ന് രാവിലെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന സീനിയർ ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരായി വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.