തിരുവനന്തപുരം: ഭൂനികുതി കുത്തനെ കൂട്ടിയും ഭൂനികുതി സ്ലാബുകൾ അമ്പതുശതമാനം വർദ്ധിപ്പിച്ചും ജനങ്ങളെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് സംസ്ഥാന ബഡ്ജറ്റ് .
നൂറുകാേടിയുടെ അധിക വരുമാനമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച് പാട്ടനിരക്കിൽ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി ഫീസിലും കാര്യമായ വർദ്ധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇലക്ട്രിക് കാറുകളുടെ നികുതിയും കൂട്ടി. ഇതിലൂടെ മുപ്പതുകോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് കേന്ദ്ര ബഡ്ജറ്റിൽ വാരിക്കോരി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടിയത്. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്കരിക്കും എന്നും ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യക്ഷേമപെൻഷനുകളുടെ മൂന്നുമാസത്തെ കുടിശിക കൊടുത്തുതീർക്കും എന്ന് പ്രഖ്യാപനമുണ്ട്. ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർദ്ധിപ്പിക്കുമെന്ന തരത്തിലുളള സൂചനകൾ ധനമന്ത്രിയും നൽകിയിരുന്നു. പക്ഷേ, പ്രഖ്യാപനം ഉണ്ടായില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ക്ഷേമപെൻഷനുകൾ കൂട്ടുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.