സ്ത്രീധന പീഡന പരാതിയിൽ സിപിഐഎം വിട്ട ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഭാര്യ മിനീസ നൽകിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്.
ബിപിൻ സി ബാബു തൻ്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. തന്റെ കരണത്തടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അതേസമയം വധഭീഷണി ഉണ്ടെന്ന് പറഞ്ഞ് ബിപിൻ സി ബാബു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു.
സിപിഐഎം വിട്ടു ബിജെപിയിൽ എത്തിയ തന്നെ അപായപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ബിപിൻ സി ബാബു പറയുന്നു. മന്ത്രി സജി ചെറിയാൻ തന്നെ കൈകാര്യം ചെയ്യാൻ പാർട്ടി പ്രവർത്തക യോഗത്തിൽ ആവശ്യപ്പെട്ടതായി ബിപിൻ സീ ബാബു ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകി. ഹൈക്കോടതിയിലും സമീപിക്കുമെന്ന് ബിപിൻ സി ബാബു വ്യക്തമാക്കി.