തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയില്‍ ഷിജിയുടെ മകള്‍ സൂര്യമോള്‍ പി. എസ് (20) ആണ് ട്രെയിനില്‍ നിന്നും വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക് പോയ ഇന്റര്‍ സിറ്റി എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഇടവ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വീണ് കിടന്ന കുട്ടിയെ പ്രദേശ വാസികളാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ നില അതീവ ഗുരുതരമല്ലെന്ന് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യുവതിയുടെ ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി. അപകടം നടന്നപ്പോള്‍ റെയില്‍വെ പാളത്തിനടുത്ത് ആളുകളുണ്ടായതിനാല്‍ വേഗത്തില്‍ സൂര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു.