പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഷാഫി പറമ്പിലിനെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. എല്ലാം ഷാഫിയുടെ തന്ത്രം എന്ന് പി സരിൻ ആരോപിച്ചു. കോൺഗ്രസിൽ നിന്ന് തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. പണം അവിടെ എത്തിയോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്ന് സരിൻ ആവശ്യപ്പെട്ടു.
എല്ലാവരുടെ മുറികളിലും പരിശോധന നടത്താൻ പോലീസ് ശ്രമിച്ചിരുന്നു. എന്താണ് കോൺഗ്രസുകാരുടെ മുറികളിൽ പരിശോധന നടത്താൻ പോയപ്പോൾ തടഞ്ഞത്. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരണമെന്ന് സരിൻ പറഞ്ഞു. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തി പരിശോധന നടത്തിയത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. ഇത് വനിതാ കോൺഗ്രസ് നേതാക്കൾ എതിർത്തതോടെയാണ് പ്രശ്നം വഷളായത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കിയിരുന്നു. 12 മുറികളിൽ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു.