തിരുവനന്തപുരം: ഒടുവില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്. അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച ദിനത്തില്‍ സെക്രട്ടേറയറ്റില്‍ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ചെലവഴിച്ചതായാണ് വിവരം.
കഴിഞ്ഞ കുറേ നാളുകളായി പി.വി. അന്‍വര്‍ എം.എല്‍.എ. അജിത് കുമാറിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിവി അന്‍വറിനെ എത്തിച്ചിരുന്നു. എ.ഡി.ജി.പി. അജിത് കുമാര്‍ – ആര്.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉന്നയിച്ചതിനു പിന്നാലെ ശക്തമായി പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു. തൃശ്ശൂര്‍പ്പൂരം കലക്കല്‍ ആരോപണവും എ.ഡി.ജി.പിക്കെതിരേ ശക്തമായിരുന്നു. എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ സി.പി.ഐയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.