ഓണാഘോഷത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നിർത്തിവച്ചു. എന്നാൽ ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഒഴിവായി പോകുമോ എന്നുള്ള വലിയ ആശങ്ക ആ ഘട്ടത്തിൽ ഉയർന്നിരുന്നു. മറ്റ് പരിപാടികൾ നടക്കുമ്പോൾ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ മാത്രം മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളിയുടെ നിത്യജീവിതമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായി ഇടപെടുന്ന ഒന്നാണ് കേരളത്തിലെ ഓണം. സഹകരണ മേഖലയിൽ, നാടിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് നമുക്ക് സമഗ്രമായ സംഭാവന നൽകാം. ഉത്സവാഘോഷങ്ങളിൽ വിപണിയിൽ ഇടപ്പെട്ടുകൊണ്ട് വിലക്കയറ്റത്തിൽ ആശ്വാസമാകുകയാണ്. വലിയതോതിൽ നേരത്തെ മുതൽ തന്നെ ഇടപെടുന്ന രീതിയാണ് സഹകരണ മേഖല സ്വീകരിച്ചത്.
കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള 166 ത്രിവേണി സ്റ്റോറുകളിലും 24 മൊബൈൽ ത്രിവേണി സ്റ്റോറുകളിലും ഈ ഓണക്കാലത്ത് നിലവിലുള്ള വിലയിൽ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കും. നീതി സ്റ്റോറുകൾ വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാണ്. 1500 ഓണം ചന്തകൾ സംസ്ഥാനത്ത് ഒരുങ്ങുന്നുണ്ട്. 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭിക്കുക. ഇതിനൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും നല്ല വിലക്കുറവിൽ ലഭിക്കും. കേരളത്തിന്റെ സമസ്ത മേഖലയിലും ഈ ഓണവിപണിയുടെ ഗുണഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.