ചാലക്കുടി: നഗരത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിഴുതുമാറ്റി. പഴയ ബാറിന്റെ പാര്‍ക്കിങ് ഏരിയയിലാണ് കഞ്ചാവ് ചെടി വളര്‍ത്തുന്ന നിലയില്‍ കണ്ടെത്തിയത്.
ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ പഴയ ബാര്‍ ഹോട്ടലിന്റെപാര്ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയ യാത്രക്കാരനാണ് കഞ്ചാവിന്റെ ചെടി ആദ്യം കണ്ടത്. ഉടനെ, എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. വാട്സാപ്പില്‍ അയച്ചു കൊടുത്ത ഫോട്ടോ ഒറ്റനോട്ടത്തില്‍തന്നെ കഞ്ചാവു ചെടിയാണെന്ന് തിരിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പാഞ്ഞെത്തി. കയ്യോടെ ചെടി പിഴുതുമാറ്റി. ചില ഭാഗങ്ങള്‍ പരിശോധിക്കാനായി ലാബിലേക്ക് അയച്ചു. ചെടിയുടെ പല ഭാഗത്തും വെട്ടിമാറ്റി വളരാന്‍ പാകത്തില്‍ പരിപാലിച്ചതിന്റെ ലക്ഷണമുണ്ട്.
പൊന്തക്കാട് നിറഞ്ഞതും വിജനമായതുമായ സ്ഥലങ്ങളില്‍ സമാനമായി കഞ്ചാവു ചെടികള്‍ വളര്‍ത്തുന്നതായി നേരത്തെയും എക്സൈസ് കണ്ടെത്തിയിരുന്നു. 150 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവു ചെടി പൂത്തു തുടങ്ങിയിട്ടില്ല.