തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടത്തിന് മുന്‍പ് മദ്യപിച്ചിരുന്നതായി മൊഴിയുണ്ടെങ്കിലും രാത്രിയിലെ മദ്യപാന പാര്‍ട്ടിയെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നു. അപകടത്തിന് മുന്‍പ് ശ്രീറാം താമസിച്ചിരുന്ന മുറി പരിശോധിക്കാനും പൊലീസ് തയ്യാറാകാത്തതും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
കവടിയാറിലെ സിവില്‍ സര്‍വീസസ് ഓഫിസേഴ്സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിലായിരുന്നു അപകടം ഉണ്ടാകുന്നതിനു മുന്‍പു 3 ദിവസം ശ്രീറാം താമസിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകട ദിവസം രാത്രി 12ന് അവിടെ നിന്നു ഇറങ്ങുന്നതായി നിരീക്ഷണ ക്യാമറ ദൃശ്യത്തില്‍ വ്യക്തമായി. എന്നാല്‍ അവിടെ ശ്രീറാം താമസിച്ച മുറി പരിശോധിക്കാനോ മദ്യ കുപ്പികളും മറ്റും ഉണ്ടായിരുന്നോ എന്നു കണ്ടെത്താനോ പൊലീസ് തയ്യാറായില്ല . ആ മുറി പൂട്ടി മുദ്രവച്ചു എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
അവിടെ അന്നു രാത്രി എപ്പോള്‍ എത്തി, അതിനു മുന്‍പ് എവിടെയെല്ലാം പോയി, മദ്യസല്‍ക്കാര പാര്‍ട്ടികളില്‍ പങ്കെടുത്തോ എന്നും പൊലീസ് അന്വേഷിച്ചില്ല. താമസിക്കാനുള്ള വീടന്വേഷിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മില്ലേനിയം അപ്പാര്‍ട്മെന്റ് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ശ്രീറാം പോയിരുന്നുവെന്നാണ് സൂചന. തിരികെ മുറിയിലെത്തിയ ശേഷമാണ് പുറത്തുപോയത്.
മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാല്‍ ഏതെല്ലാം സമയം എവിടെയെല്ലാം ശ്രീറാം അന്നുണ്ടായിരുന്നു എന്നു വ്യക്തമാവും. ഒപ്പമുണ്ടായിരുന്നു വഫ എന്ന യുവതി ഗുഡ്നൈറ്റ് സന്ദേശം അയച്ചപ്പോഴാണു കവടിയാറിലേക്കു വരാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. അതിന്റെ ആധികാരികത പരിശോധിക്കാന്‍ ശ്രീറാമിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു സിഡാക്കിലോ സൈബര്‍ സെല്ലിലോ പരിശോധിക്കണം. ഇതും പൊലീസ്ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കവടിയാറിലെ കെട്ടിടം സര്‍ക്കാര്‍ ആവശ്യത്തിനു വിട്ടു കൊടുക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടിട്ടും ഐഎഎസ് സംഘം കയ്യടക്കി വച്ചിരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്് മന്ത്രി ഇ പി ജയരാജന് തിരികെ മന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ ഈ കെട്ടിടം ഔദ്യോഗിക വസതിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും വിട്ടു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒടുവില്‍ ഇ പി ജയരാജനു താമസിക്കാന്‍ വാടകയ്ക്കു വീടെടുക്കേണ്ടിവന്നു. കിഫ്ബി, റീബില്‍ഡ് കേരള എന്നിവയുടെ ഓഫിസുകള്‍ക്കായി പുറത്തു ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ വാടകയ്ക്കെടുക്കുന്ന സര്‍ക്കാര്‍ കണ്ണായ സ്ഥലത്തെ ഈ കെട്ടിടം തൊടാന്‍ മടിക്കുകയാണ്.