കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മഴ ശക്തമാണ്. ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാന്‍ ആയില്ല.
അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
ഒഡീഷക്കും ഛത്തിസ്ഗഡിനും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റ ഫലമായാണ് അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.