യുപിഎയില്‍ നിന്നും ജോസഫ് പക്ഷം പുറത്തായോ എന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നും പുറത്താക്കിയത് കേരളത്തിലെ യുഡിഎഫില്‍ നിന്നാണെന്നും ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരു മുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്നും ജോസ് കെ മാണി വ്യക്തമാക്കി. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അവരത് പറയട്ടെയെന്നും ജോസ് കെ മാണി പ്രതികരിച്ചു. നേരത്തെയും യുഡിഎഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യുപിഎക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.