തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്ക് പഞ്ചിംഗ് നടപ്പാക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കൃത്യനിഷ്ട ഉറപ്പുവരുത്തുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയേയും നിയോഗിച്ചിരുന്നു. ഈ സമതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനം മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലും ആറു മാസത്തിനകം ആധാര്‍ അധിഷ്ടിത ബോയെമെട്രിക് സംവിധാനം സ്ഥാപിക്കണം. ഓണ്‍ലൈന്‍ സംവിധാനം നിലവിലില്ലാത്ത ഓഫീസുകളില്‍ ബയോമെട്രിക് മെഷീനുകള്‍ വാങ്ങി മേലധികാരികള്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കണം. വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ബയോമെട്രിക്ക് മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ മുഖേനയോ വാങ്ങി സ്ഥാപിക്കാമെന്നും ഇതിനുള്ള ചെലവ് അതാത് വകുപ്പുകള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് എടുക്കണമെന്നും ഉത്തരവില്‍ പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.