ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമം. 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി അടക്കം മൂന്ന് പേർ പിടിയിലായി. ചിറയിൻകീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി വിപിൻ , പാലക്കാട് സ്വദേശി അഞ്ചു എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. കെഎസ്ആർടിസി ബസിൽ ബാംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലഹരിയുമായി എത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്കായി സംഘം വലവിരിച്ചിരുന്നു.
പല കോളജുകളിലേക്കും വിതരണം നടത്താനായി എത്തിച്ചിരുന്ന എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നത്. മൂവരെയും ഡാൻസാഫ് സംഘം ആറ്റിങ്ങൽ പൊലീസിന് കൈമാറി.