പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തിൽ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സീനിയറായ പികെ സൈനബയെ തഴഞ്ഞാണ് സലീഖയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മോള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്. മന്ത്രിമാരായ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചില്ല.
കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്.
അതേസമയം, എം എ ബേബി ആണ് ഇനി മുതൽ സിപിഐഎമ്മിനെ നയിക്കുക. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് എം എ ബേബിയെ ജനറൽ സെക്രട്ടറിയായി അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
പാർട്ടിക്കുള്ളിൽ പ്രയോഗികവാദിയായ കമ്യൂണിസ്റ്റ് ആയാണ് എം എ ബേബി അറിയപ്പെടുന്നത്. പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുമ്പോഴും ലോകത്തെ മാറ്റങ്ങൾ പിന്തുടരുന്നതിലും അവ ഉൾക്കൊള്ളുന്നതിലും ബേബി മറ്റു പല നേതാക്കളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ സിപിഐഎമ്മിന്റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പകൽ മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വളന്റിയർമാർ അണിനിരക്കും. സിപിഐഎമ്മിന്റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്.