തിരുവനന്തപുരം: കൊറോണ വൈറസ് പിടിപെടുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയ ബിജെപി നേതാവ് ടിപി സെന്‍കുമാറിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെയുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്റെ വാദം.
എന്നാല്‍ സെന്‍കുമാറിന്റെ വാദം അശാസ്ത്രീയമാണെന്നു തെളിയിച്ച് ഡോക്ടര്‍മാര്‍ രംഗത്തെത്തി. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നെന്ന് ഡോക്ടര്‍ ഷംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു. പേരിന് മുന്നിൽ ‘Dr.’ എന്ന് വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്ടർ ആണെന്ന ധാരണ ശരിയല്ലെന്ന് സെൻകുമാറിന്റെയും രജത്കുമാറിന്റെയുമൊക്കെ ഫാൻസ് മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു. Ex-dgp ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോൾ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തിൽ മൂന്ന് പോസിറ്റീവ് കേസുകൾ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?
ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാൽ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ? ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്.