തിരുവനന്തപുരം:ലൈറ്റ് മെട്രോ പദ്ധതിയെ അവഗണിച്ച് അതിലൂടെ രാജ്യത്തിന്റെ മെട്രോ മാന്‍ ഇ.ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്പര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്എന്ന്ബി.ജെ.പി.ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്.
മെല്ലപ്പോക്കിലൂടെയും അവഗണനയിലൂടെയും ലൈറ്റ് മെട്രോയുടെ ചുമതലയില്‍നിന്നും രാജിവയ്പ്പിക്കുന്നതിലേക്കാണ് ഇടത് സര്‍ക്കാര്‍ ഇ.ശ്രീധരനെ കൊണ്ടെത്തിച്ചത്. കേരളത്തിനു ശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്കിയ ലക്നൗവില്‍ ട്രെയിന്‍ ഓടിത്തുടങ്ങി. കഴിഞ്ഞ നവംബറില്‍ ഡി.എം.ആര്.സി നല്കിയ വിശദമായ പദ്ധതി രേഖ പൂഴ്ത്തിവച്ചതുതന്നെ ഇ.ശ്രീധരനെതിരായ നീക്കത്തിന്റെ ഭാഗമായിരുന്നു. 2015മുതല്‍ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണെന്ന ഇ.ശ്രീധരന്റെ പരാതി തന്നെ രണ്ട് മുന്നണികളുടേയും സര്‍ക്കാരുകള്‍ ലൈറ്റ് മെട്രോ പദ്ധതിയോട് കാണിച്ച സമീപനത്തിനുള്ള ഉത്തമ ഉദാഹരണമാണ്.
ഇടത് സര്‍ക്കാര്‍ വന്നതിനു ശേഷവും സമീപനം മറ്റൊന്നാകാത്തതിനു പിന്നില്‍ അവരുടെ സ്ഥാപിത താല്പര്യങ്ങള് തന്നെയാണ്. തങ്ങള്‍ക്കു താല്പര്യമുള്ള കമ്പനിക്ക് ലൈറ്റ് മെട്രോയുടെ ചുമതല നല്കുന്നതിനുവേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടത് സര്‍ക്കാര്‍ പദ്ധതിയോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചത്. സ്വന്തം നാട്ടുകാരനായ ഇ.ശ്രീധരനെ തിരിച്ചുവിളിച്ച് കേരളത്തിന്റെ ലൈറ്റ് മെട്രോയുടെ നിര്‍മാണ ചുമതലകള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. തങ്ങളുടെ ഇഷ്ടക്കാരായ കമ്പനിക്ക് ലൈറ്റ് മെട്രോയുടെ നിര്‍മാണം നല്‍കാനും അഴിമതിക്ക് കളമൊരുക്കാനുമുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലെങ്കില്‍ ഇ,ശ്രീധരനെ അവഗണിച്ചതിനും അഴിമതി നീക്കത്തിനുമെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി. മുന്നോട്ടുവരും.