വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ നിന്നവരെ എസ്ഐയും സംഘവും അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നിലവില്‍ പൊലീസിനെതിരെ നിസാര വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും, പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെയും, പട്ടിക ജാതി കമ്മിഷനെയും സമീപിക്കുമെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.
ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചു, മുറിവേല്‍പ്പിച്ചു തുടങ്ങിയ നിസ്സാര വകുപ്പുകള്‍ ആണ് മര്‍ദ്ദനമേറ്റവരുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് ചുമത്തിയിരിക്കുന്നത്. എഫ്ഐആറില്‍ അതിക്രമം നടത്തിയ പൊലീസുകാരുടെ പേരും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് പരാതിക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പട്ടികജാതി വര്‍ഗ്ഗ അതിക്രമ നിരോധന നിയമവും, വധശ്രമ കുറ്റവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടു സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. കേസില്‍ പൊലീസിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു പട്ടിക ജാതി കമ്മിഷനും, മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കാനും മര്‍ദനമേറ്റവര്‍ അറിയിച്ചു.
അതിനിടെ, ബാര്‍ ഉടമയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോട്ടയം സ്വദേശികള്‍ നല്കിയ പരാതിയില്‍ കേസ് എടുക്കുന്നതിനു മുന്നെയാണ് ബാര്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇത് സഹപ്രവര്‍ത്തകരായ പൊലീസുകാരെ സഹായിക്കാന്‍ എന്നാണ് ആക്ഷേപം. കേസില്‍ സസ്പെന്‍ഷിനിലയ എസ് ഐ ജിനുവിനെതിരെ മുന്‍പും അകാരണമായി മര്‍ദിച്ചതിനു പരാതി കിട്ടിയിട്ടുണ്ട്.