പെരുമ്പാവൂര്‍: സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷന് അംഗമായ പി.എം നാസറിന് ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നാസറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.രാധാകൃഷനും രാമചന്ദ്രന് കടന്നപ്പിള്ളിയും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആര്.അനില്‍ അബ്ദുല്‍ കലാം അനുസ്മരണ പ്രഭാക്ഷണം നടത്തി.
ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡിസെന്റര് ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അധ്യക്ഷനായി. എംഎല്‍എമാരായ പ്രമോദ് നാരായണന്, പി.വി.അന്‍വര്‍, മാത്യു കുഴല്നാടന്, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രന്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കൊല്ലം കോര്പറേഷന് മേയര്‍ പ്രസന്ന ഏണസ്റ്റ്, മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്മാന് ബഷീര്‍ ഫായിദ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആര്, മറ്റ് വിവിധ ജന പ്രതിനിതികളും അവാര്‍ഡ് ജേതാക്കളും സംഘടനാ ഭാരവാഹികളും സംസാരിച്ചു. പൂവച്ചല്‍ നാസര്‍ സ്വാഗതവും ദുനുംസ് പേഴുംമൂട് നന്ദിയും പറഞ്ഞു.
പ്രദേശത്തെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജില്ലാ പഞ്ചായത്തിലെയും മറ്റ് വിവിധ പഞ്ചായത്തുകളിലേയും അംഗങ്ങളും ജീവനക്കാരും നല്കിയ സഹകരണത്തോടെ ഡിവിഷന്റെ വികസനത്തിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞതിന് കിട്ടിയ അംഗീകാരമാണിതെന്നും നാസര്‍ പറഞ്ഞു.
സംസ്ഥാനത്തെ മികച്ചമാതൃക ജില്ലാ പഞ്ചായത്ത് ഡിവിഷന് ആണ് വെങ്ങോല. ഒരു പ്രദേശത്തിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി ഇവിടെ തുടങ്ങിയ കുടിവെള്ള പദ്ധതി ഏറെ പ്രശംസനീയമാണ്. ടാറിങ് പൂര്‍ത്തിയാക്കിയ മികച്ച നിലവാരത്തിലുളള റോഡുകളടക്കം കാര്‍ഷിക വ്യാവസായിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ വികസന കുതിപ്പിനെ മുന്‍ നിര്‍ത്തിയാണ് നാസറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.