തിരൂരങ്ങാടി: കേടായ ഓട്ടോറിക്ഷ കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. താനൂര്‍ ഓലപ്പീടിക ബദര്‍ പള്ളിക്ക് സമീപത്തെ ചെറുവത്ത് കൊറ്റയില്‍ സുബൈറിന്റെ മകന് ഷമീം(22) ആണ് മരിച്ചത്. അതേസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയിലെ സി. തുളസിയുടെ മകന് സുപ്രീതി(22)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പരപ്പരനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ അവസാനവര്‍ഷ ബി.കോം ബിരുദവിദ്യാര്‍ഥികളാണ്.ചെമ്മാട്-പരപ്പനങ്ങാടി റോഡിലെ പന്താരങ്ങാടി പതിനാറുങ്ങലില്‍ വള്ളിയാഴ്ച രാത്രി 11.45-ഓടെയാണ് അപകടം ഉണ്ടയാത്. തകരാറിലായ ഓട്ടോറിക്ഷ വര്‍ക്ക് ഷോപ്പിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. ഓട്ടോയുടെ സൈഡിലെ കമ്പിയില്‍ കെട്ടിയാണ് വാഹനം കൊണ്ടു പോയിരുന്നത്. എന്നാല്‍ മുന്നിലെ ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് തിരിഞ്ഞതോടെ കയര്‍ റോഡിന് അഭിമുഖമായിനിന്നു. എന്നാല്‍ ചെമ്മാട് ഭാഗത്തുനിന്നും വരികയായിരുന്ന ഷമീം ഇരുട്ടായതിനാല്‍ കയര്‍ കണ്ടില്ല. തുടര്‍ന്ന് കഴുത്തില്‍ കയര്‍ ചുറ്റിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. അതേസമയം പരിക്ക് പറ്റിയ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷമീം മരിക്കുകയായിരുന്നു. മരിച്ച ഷമീന്റെ കഴുത്തില്‍ മാരകമായ മുറിവേറ്റിട്ടുണ്ട്. അതേസമയം ഇവരുടെ മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.