കോട്ടയം: ലാപ്ടോപ്പ് ഹാജരാക്കാനുള്ള പോലീസിന്റെ അന്ത്യശാസനത്തെ തള്ളി ഫ്രാങ്കോ മുളയ്ക്കല്‍. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കണമെന്നായിരുന്നു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സഘത്തോട് പറയുന്നത്. ലാപ്ടോപ്പ് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബിഷപ്പ് ഇന്നലെ വൈകിട്ടോടെ അറിയിക്കുക ആയിരുന്നു. ലാപ്ടോപ്പ് ഹാജരാക്കാത്ത ബിഷപ്പ് ഇനിയും ജാമ്യത്തില്‍ തുടര്‍ന്നാല്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ലാപ്ടോപ്പ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കേസ് എടുക്കാനാണ് പൊലീസിന്റെ നീക്കം.
ബിഷപ്പിന്റെ ജാമ്യം റദ്ദാക്കുന്നതിനെ കുറിച്ച് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയതായാണ് സൂചന. പോലീസിന്റെ നീക്കം ഡിജിപി മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്ന് തീരുമാനം ലഭിച്ചാലേ ഫ്രാങ്കോയെ വീണ്ടും അഴിക്കുള്ളിലാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കൂ. 2016-ല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റ വാദം. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫ്രാങ്കോ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പും മറ്റും ഫ്രാങ്കോ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.