കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസില്‍ ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ ജോളിയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് എസ്പി വിശദീകരിച്ചു. എല്ലാ കൊലപാതകങ്ങളും നടന്നപ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് ആദ്യം സംശയം ഉണ്ടാക്കാനിടയാക്കിയത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജോളി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത് താന്‍ കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചറാണ് എന്നാണെന്ന് മനസിലായി.
അത് വിശ്വസിപ്പിക്കുന്നതിന് വേണ്ടി എന്‍ഐടിയിലെ ഫോട്ടോ പതിപ്പിച്ച ഒരു വ്യാജഐഡി കാര്‍ഡും ജോളി എല്ലാവരേയും കാണിച്ചിരുന്നു. എന്‍ഐടിയുടെ വ്യാജഐഡികാര്‍ഡുമായി ഇവര്‍ ദിവസേനെ കാറില്‍ വീട്ടില്‍ നിന്നു പോകുകയും വൈകിട്ട് തിരിച്ചു വരുകയും ചെയ്യുമായിരുന്നു.
തനിക്ക് ബിടെക് ബിരുദം ഉണ്ടെന്നായിരുന്നു ഇവര്‍ നാട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജോളിക്ക് ബികോം ബിരുദം മാത്രമേയുള്ളൂ എന്ന് വ്യക്തമായി. എന്തിനാണ് എന്‍ഐടിയില്‍ ജോലിയെന്ന് കളളം പറഞ്ഞതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ എന്‍ഐടിയില്‍ ജോലിയെന്ന് പറഞ്ഞാല്‍ നാട്ടില്‍ നിന്നും തനിക്ക് നല്ല വിലകിട്ടുമെന്നും അതിനു വേണ്ടിയാണ് കള്ളം പറഞ്ഞതെന്നുമാണ് ജോളി പറഞ്ഞത്.ഇതെല്ലാമാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്.