അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്.
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി. കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായാണ് വർധിപ്പിച്ചത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി.
പുതിയ നിരക്ക് ബ്രാക്കറ്റിൽ
കുറുവ അരി (kg) – 30 ( 33)
തുവരപ്പരിപ്പ് (kg) – 111 (115)
മട്ട അരി (kg) – 30 ( 33)
പഞ്ചസാര (kg) – 27 (33)
വില കുറഞ്ഞത്
ചെറുപയർ (kg) – 92 (90)
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.