കല്‍പ്പറ്റ: വീടിനുള്ളില്‍ കളിക്കുന്നതിനിടെ രണ്ടരവയസുകാരന്റെ തലയില്‍ കലം കുടുങ്ങി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവ് സ്വദേശി ഡാന്റിയുടെ മകന്റെ കഴുത്തിലാണ് രാവിലെ കളിക്കുന്നതിനിടെ അലുമിനീയം കലം കുടുങ്ങിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിഞ്ഞ് പരിസരവാസികളും വീട്ടിലെത്തി. എന്നാല്‍ സുരക്ഷിതമായി കലം ഊരിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് എട്ടരയോടെ ബത്തേരി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘമെത്തി അരമണിക്കൂറോളം ശ്രമിച്ച് കലം മുറിച്ച് മാറ്റിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഈ സമയമത്രയും കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ലീഡിങ് ഫയര്മാന് ഐപ്. ടി പൗലോസ്, ഒ.ജി. പ്രഭാകരന്, ഹെന്റ്റി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷിച്ചത്.