കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം കടപുഴകി വീണ് ഡ്രൈവറിന് ദാരുണാന്ത്യം. 32കാരനായ സാജിദ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 27 വയസ്സ് പ്രായമുള്ള സഫ്രാന്‍ എന്ന യുവാവാണ് ചികിത്സയിലുള്ളത്.
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ മുള്ളേരിയ പെരിയടുക്കയില്‍ വച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന മാരുതി 800 കാറിനു മുകളിലാണു മരം വീണത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ജെസിബി ഉപയോഗിച്ചു കാറിന് മുകളില്‍ നിന്ന് മരം നീക്കിയ ശേഷമാണ് ഇരുവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജിദിന്റെ ജീവന് രക്ഷിക്കാനായില്ല.