കൊല്ലം: സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിന് സംഭാവന ചെയ്യുന്നത് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. അതില്‍ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു വലിയ ആത്മ സമര്‍പ്പണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കല്‍ മലയാളി ഏറ്റവും വലിയ സംഘടനയായ ഫോമയുടെ എന്‍ആര്‍ഐ കണ്വെന്ഷന് കൊല്ലം ബീച്ച് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രവാസികളുടെ അധ്വാനം കൊണ്ട് അഭിവൃദ്ധിപ്പെടുന്ന ഒരു സംസ്ഥാനമാണെന്നും ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അമേരിക്കന്‍ മലയാളികളെന്നും അദ്ധേഹം പറഞ്ഞു.
പ്രവാസികളെ ആവശ്യത്തിനുപകരിക്കുകയും ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യുന്ന സമീപനം മാറണം. ധര്‍മ്മത്തില്‍ അധിഷ്ടിതമായ സംസ്കാരം നിലനില്‍ക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന്ശ്രീധരന് പിള്ള പറഞ്ഞു.
ലോക രാജ്യങ്ങളിലെ വിവിധ ജനതതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ ദൈവ വിശ്വാസത്തിന്റെ അളവ് കൂടുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിരീശ്വര വാദികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. വിവിധ ലോക രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ദൈവ വിശ്വാസം കുറഞ്ഞു വരുന്നതായി കാണാം. അമേരിക്കയില്‍ 23 % ആളുകള്‍ ദൈവ വിശ്വാസമില്ലാത്തവരാണ്. ബ്രിട്ടനില്‍ അത് 52 % ത്തില്‍ അധികമാണ്. ജപ്പാനില്‍ 62% ഉം ചൈനയില്‍ 78 % വും ഭൗതിക വാദികളാണ്. എന്നാല്‍ ഇന്ത്യയില്‍ വെറും കാല് ശതമാനത്തില്‍ താഴയാണ് നിരീശ്വര വാദികളുടെ എണ്ണം. ഇതിനു കാരണം നമ്മുടെ സംസ്കാരത്തിന്റെ തെളിമയാണ്. ധര്‍മമാണ് ഇന്ത്യയുടെ മതവും വിശ്വാസവും. ഭാരതത്തിന്റെ സര്‍വ്വ ധര്‍മ സമഭാവന സിദ്ധാന്തത്തിന് 5000 വര്‍ഷത്തെ പഴക്കമുണ്ട്.
രാജാധികാരം ഏറ്റെടുക്കുമ്പോള്‍ ഏറ്റവും അവസാനമായി രാജാവ് എന്നെ ശിക്ഷിക്കാനാരുമില്ല, ഞാന്‍ സൈന്യത്തിന്റെയും സമ്പത്തിന്റെയും ഉടമയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴാണ് ധര്‍മ ദണ്ട് നല്കപ്പെടുന്നത്. നീ ശിക്ഷക്ക് അധീനനല്ല എന്ന് രാജാവിനെ ഉത്ബോധിപ്പിക്കുന്ന ഇത്തരം ചടങ്ങുകള്‍ ഭാരതത്തില്‍ മാത്രമേ ദര്‍ശിക്കാനാകൂ. ഇത്തരം ധര്‍മ രീതി മറ്റെവിടെയുമില്ല. ധര്‍മ ചക്രമാണ് ഭാരതീയ പതാകയില്‍ ഉള്ളത്. ജി 20 രാജ്യങ്ങളുടെ ചുമതല ഏറ്റെടുത്തപ്പോള്‍ ഇന്ത്യ പ്രഖ്യാപിച്ചത് മൂന്നു കാര്യങ്ങളാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ധര്‍മ വിചാരം വരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്.
അമേരിക്കയിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യക്കാരനുണ്ട്. അമേരിക്കന്‍ സമ്പത് വ്യവസ്ഥയുടെ 6 % ഇന്ത്യക്കാരുടെ നികുതിയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. സാമൂഹിക ശ്രദ്ധ ഉള്ളവരാണ് മലയാളികള്‍. വ്യക്തി ഹത്യ കുത്തിക്കൊല്ലുന്നതിനേക്കാള്‍ പാപമാണ്. സി ദിവാകരന് പറഞ്ഞതിനെ ആനുകൂലിക്കുകയാണ്. അദ്ദേഹം കള്ളം പറയുമെന്നു കരുതുന്നില്ല. കേരളത്തില്‍ ആവശ്യമില്ലാത്ത വിവാദം സൃഷ്ടിക്കുന്ന പ്രവണത ഉണ്ട്. ഭരിക്കുന്നവരുടെ മുഖത്തു നോക്കി തെറ്റാണെന്നു പറയുന്നതാണ് ജനാധിപത്യം. പക്ഷെ അത് വ്യക്തി ഹത്യ നടത്താനുള്ള സ്വാതന്ത്ര്യമല്ല. ഗവര്‍ണര്‍ വ്യക്തമാക്കി.
യോഗത്തില്‍ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷനായിരുന്നു. മന്ത്രി ജി. ആര് അനില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, സുജ ഔസോ എന്നിവര്‍ സംസാരിച്ചു. ട്രഷറാര്‍ ബിജു തോണിക്കടവില്‍ സ്വാഗതവും കേരള കണ്വെന്ഷന് ചെയര്മാന് തോമസ് ഓലിയാം കുന്നേല്‍ നന്ദിയും പറഞ്ഞു.