തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വഴി പിഴയീടാക്കുന്നത് ഇന്ന് രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. നിലവില്‍ സ്ഥാപിച്ച 726 ക്യാമറകളില്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാക്കി. രാവിലെ എട്ടുമണി മുതല്‍ ക്യാമറയില്‍ പതിയുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കി തുടങ്ങും. നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് തപാല്‍ മാര്‍ഗമാണ് നല്‍കുക. നിയമലംഘനങ്ങള്‍ എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം ഉടന്‍ ഉണ്ടാകില്ല.
ഇരുചക്ര വാഹനങ്ങളില്‍ മൂന്നാം യാത്രക്കാരനായി 12 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താല്‍ക്കാലികമായി അനുവദിക്കും. എന്നാല്‍ നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും നിയമപ്രകാരം ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. അമിത വേഗം അടക്കമുളള നിയമ ലംഘനങ്ങളില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി നല്‍കും. ഇത്തരത്തില്‍ പിഴയില്‍ നിന്നും ഒഴിവാക്കേണ്ട വാഹനങ്ങളുടെ പട്ടിക ഗതാഗത വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.