പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ വീഴ്ചപറ്റിയെന്ന് രോഗിയുടെ പരാതി. മുറിവിൽ തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ പരാതി. ചികിത്സാപ്പിഴവ് കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നു.
റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിനു ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയിൽ പരിക്കുപറ്റിയത്. തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. പിന്നീട് അസഹനീയമായ വേദനയുണ്ടെന്നാണ് സുനിൽ പറയുന്നത്. ജനറൽ ആശുപത്രിയിലെ സ്കാനിംഗിൽ മുറിവിൽ അജ്ഞാത വസ്തുവിനെ കണ്ടെത്തി. മുറിവിൽ ഉണ്ടായിരുന്നത് ഉറുമ്പ് എന്നാണ് സുനിൽ എബ്രഹാമിന്റെ ആരോപണം.
റാന്നി താലൂക്ക് ആശുപത്രിയിൽ ഇട്ട തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കി പത്തനംതിട്ടിലെ ഡോക്ടർമാർ വീണ്ടും തുന്നിക്കെട്ടിയെന്ന് സുനിൽ പറഞ്ഞു. മൂന്നു മണിക്കൂറിന്റെ ഇടവേളയിലാണ് 2 പ്രാവശ്യം സ്റ്റിച്ച് ഇടേണ്ടി വന്നത്. തുന്നിക്കെട്ടിയ ഭാഗത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ സ്കാനിംഗ് രേഖകളിൽ കുറിച്ചിരിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നും സുനിൽ ആരോപിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പരാതിയുമായി ആരോഗ്യമന്ത്രി ഉൾപ്പെടെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.