പാലക്കാട്: യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീർഥാടന കാലത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതിൽ 9,49,27,200 രൂപ ചെലവഴിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ മലപ്പുറം താഴേക്കോട് മാട്ടറക്കൽ അറഞ്ഞിക്കൽ ബക്കർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണു തുകയുടെ വിശദാംശങ്ങൾ. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, തുലാമാസ പൂജയോടനുബന്ധിച്ച് ഒക്ടോബ
ർ 17 മുതൽ 2019 ജനുവരി 22 വരെ സുരക്ഷയും സുഗമമായ തീർഥാടനവും ഉറപ്പുവരുത്താൻ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി വിപുല സുരക്ഷ ഏർപ്പെടുത്തിയെന്നു രേഖയിൽ പറയുന്നു.
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ജോലി ചെയ്ത ഉദ്യോഗസ്ഥർക്കുള്ള മെസ് സബ്സിഡി ഇനത്തിൽ 5 കോടി രൂപ അനുവദിച്ചതിൽ 3,18,77,200 രൂപ ചെലവഴിച്ചു. വിവിധ ജില്ലകളിൽ സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കാൻ 5,80,50,000, അപ്രതീക്ഷിത ചെലവുകൾക്ക് 50,00,000 രൂപ എന്നിങ്ങനെ അനുവദിച്ചു. 97 ദിവസത്തിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നും മറുപടിയിൽ പറയുന്നു.